തിരുവനന്തപുരം: വയനാട്ടിലുണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്നും, ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നുവെന്നും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു. ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ എത്രയും വേഗം ലഭ്യമാക്കണമെന്നും, കാണാതായവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ ഭാരതീയ ജനതാ പാർട്ടിയുടെ പൂർണ്ണ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
അശാസ്ത്രീയമായി വൻതോതിൽ മണ്ണ് തള്ളിയതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് സർക്കാർ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്. എന്നാൽ, ഇതിന്റെ ഉത്തരവാദിത്തം കരാറുകാരന്റെ തലയിൽ മാത്രം കെട്ടിവെച്ച് സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൈകഴുകാൻ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ജൂൺ 25-ന് നടന്ന യോഗത്തിന്റെ മിനിറ്റ്സ് പ്രകാരം, നിർമാണ സ്ഥലത്ത് ഏകദേശം ഒരു ലക്ഷം ക്യുബിക് മീറ്റർ മണ്ണ് കെട്ടിക്കിടക്കുന്നതായി വിലയിരുത്തിയിരുന്നു. ഈ മണ്ണ് നീക്കം ചെയ്യുന്നതിനായി അനുയോജ്യമായ സ്ഥലം അനുവദിക്കണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടിരുന്നതായും രേഖകളിൽ വ്യക്തമാണ്. അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞിട്ടും സമയബന്ധിതമായ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
ശക്തമായ മഴയുണ്ടായാൽ തൊഴിലാളികളെയും സമീപവാസികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നുവെങ്കിലും, അത് ഫലപ്രദമായി നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നറിയിപ്പുകളും തീരുമാനങ്ങളും കടലാസിൽ മാത്രം ഒതുങ്ങിയതാണ് ഇത്രയും വലിയൊരു ദുരന്തത്തിന് വഴിയൊരുക്കിയത്. തുരങ്കപാത നിർമാണത്തിന്റെ മേൽനോട്ട ചുമതല പൊതുമരാമത്ത് വകുപ്പിന്റെ കോഴിക്കോട് ഡിവിഷനായിരുന്നു. കരാറുകാരൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സർക്കാർ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്തമാണ്. നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ പ്രവൃത്തി നിർത്തിവച്ച് അപകടസാധ്യത ഒഴിവാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമായിരുന്നു. അത് ചെയ്യാതെ മുഴുവൻ പഴിയും കരാർ കമ്പനിയുടെ മേൽ ചുമത്തുന്നത് സ്വന്തം വീഴ്ച മറയ്ക്കാനുള്ള ശ്രമം മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ വ്യക്തമാക്കി.