വയനാട്: മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ലെന്നും മനുഷ്യനിർമിതമാണെന്നും ടി. സിദ്ദീഖ് വ്യക്തമാക്കി. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ രീതിയിൽ മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിൽ മണ്ണ് നിക്ഷേപിച്ചതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ കിരൺ കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണിടിച്ചിലിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്. ജില്ലാ കളക്ടർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എ.പി. അനിൽകുമാറും ടി. സിദ്ദീഖും നേരിട്ടെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. ഫയർഫോഴ്സ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും ഊർജിതമായി പുരോഗമിക്കുകയാണ്.
അതേസമയം, ദുരന്തബാധിത മേഖലയിലെ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ രമേശ് ചെന്നിത്തല ഫയർഫോഴ്സ് മേധാവിക്കും വയനാട് ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി. പ്രദേശത്ത് അതീവ ജാഗ്രത തുടരാനും ആവശ്യമായ എല്ലാ രക്ഷാപ്രവർത്തന സംവിധാനങ്ങളും സജ്ജമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.