തിരുവനന്തപുരം: വട്ടപ്പാറയിൽ പ്രണയം നിരസിച്ചതിനെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം പനവൂർ സ്വദേശിയായ സഹദ് (21) സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പ്രതിക്കായി വട്ടപ്പാറ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയതായിരുന്നു പെൺകുട്ടി. ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്ന സഹദ്, കുട്ടി എത്തിയ ഉടൻ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്തും കഴുത്തിലുമാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതി, അമിതവേഗതയിൽ ഓടിച്ച വാഹനം എതിർദിശയിൽ വന്ന മറ്റ് വാഹനങ്ങളിലും ഇടിച്ചാണ് സ്ഥലം വിട്ടത്.
രക്തം വാർന്ന നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടൻ തന്നെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഒളിവിലായതിനാൽ ഇയാൾക്കായി വിവിധ കേന്ദ്രങ്ങളിൽ പോലീസ് പരിശോധന തുടരുകയാണ്. പ്രദേശത്ത് നടന്ന ഈ അക്രമസംഭവം നാട്ടുകാർക്കിടയിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.