ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടം നേടിയ സ്പെയിൻ ടീമിന് ലഭിച്ച സമ്മാനത്തുകയുടെ വലിയൊരു വിഹിതം അമേരിക്കൻ സർക്കാരിന് നികുതിയായി നൽകേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ സ്പെയിനിന് ലഭിച്ച 5 കോടി ഡോളർ (ഏകദേശം 482 കോടി രൂപ) സമ്മാനത്തുകയിൽ നിന്ന് 30 ശതമാനം വരെ ഫെഡറൽ നികുതി ഈടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
2026 ലോകകപ്പിലെ മത്സരങ്ങൾ അമേരിക്കയിൽ വെച്ച് നടന്നതിനാൽ, അമേരിക്കൻ മണ്ണിൽ നിന്നുള്ള വരുമാനത്തിന് നികുതി ഈടാക്കാൻ യു.എസ് സർക്കാരിന് നിയമപരമായ അധികാരമുണ്ട്. വിദേശ കായികതാരങ്ങൾക്കും കായിക സംഘടനകൾക്കും അമേരിക്കയിൽ ലഭിക്കുന്ന വരുമാനത്തിന് സാധാരണയായി 30 ശതമാനം ഫെഡറൽ നികുതി ബാധകമാണ്. ഇതിനു പുറമെ, മത്സരങ്ങൾ നടന്ന സംസ്ഥാനങ്ങളും പ്രത്യേകം നികുതി ഈടാക്കും. ഫൈനൽ നടന്ന ന്യൂജേഴ്സിയിൽ 10.75 ശതമാനം വരെയും, മത്സരങ്ങൾ നടന്ന കാലിഫോർണിയയിൽ 13.3 ശതമാനം വരെയും സംസ്ഥാന ആദായനികുതി ബാധകമാകാൻ സാധ്യതയുണ്ട്. മുൻ ലോകകപ്പുകളിൽ ആതിഥേയ രാജ്യങ്ങൾ ഫിഫയ്ക്കും ടീമുകൾക്കും നികുതി ഇളവുകൾ നൽകാറുണ്ടെങ്കിലും, ഇത്തവണ അത്തരമൊരു ഇളവ് ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഫിഫ സമ്മാനത്തുക നേരിട്ട് കളിക്കാർക്ക് നൽകുന്നില്ല, മറിച്ച് അതത് രാജ്യങ്ങളിലെ ഫുട്ബോൾ ഫെഡറേഷനുകൾക്കാണ് തുക കൈമാറുന്നത്. ഫെഡറേഷനുകൾ വഴി കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ടിങ് സ്റ്റാഫിനും വിഹിതം വിതരണം ചെയ്യുമ്പോൾ, അത് വ്യക്തിഗത വരുമാന നികുതിക്ക് വിധേയമാകും. അമേരിക്കയും സ്പെയിനും തമ്മിൽ ഇരട്ട നികുതി ഒഴിവാക്കൽ കരാർ നിലവിലുണ്ടെങ്കിലും, ഇത്രയും വലിയ തുകയെ പൂർണ്ണമായും അതിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നാണ് വിലയിരുത്തൽ. സ്പെയിനിലെ ആഭ്യന്തര നികുതി നിയമങ്ങൾ കൂടി ബാധകമാകുമ്പോൾ താരങ്ങൾക്ക് ലഭിക്കുന്ന അന്തിമ തുക ഗണ്യമായി കുറഞ്ഞേക്കാം. വിദേശ കായിക താരങ്ങളിൽ നിന്ന് ഇത്ര വലിയ തോതിൽ നികുതി ഈടാക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിലും അമേരിക്കൻ രാഷ്ട്രീയ കേന്ദ്രങ്ങളിലും വിമർശനങ്ങൾ ഉയരുന്നുണ്ട്. ടിം ബർചെറ്റ് ഉൾപ്പെടെയുള്ള യു.എസ് ജനപ്രതിനിധികൾ ഈ നികുതി നയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.