അറ്റ്ലാന്റ: അർജന്റീനയ്ക്കെതിരായ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിന് പിന്നാലെ കടുത്ത വിവാദങ്ങൾ തുടരുന്നു. മത്സരത്തിനിടെ ഫിഫയുടെ വംശീയ അധിക്ഷേപ വിരുദ്ധ സിഗ്നൽ ഉപയോഗിച്ച ഈജിപ്ത് പരിശീലകൻ ഹൊസം ഹസന് റഫറി മഞ്ഞക്കാർഡ് നൽകിയ സംഭവം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. വിഎആർ (VAR) തീരുമാനങ്ങളും റഫറിയുടെ നടപടികളും ഈജിപ്ത് ക്യാമ്പിന്റെ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അവസാന നിമിഷങ്ങൾ അതീവ വികാരഭരിതമായിരുന്നു. രണ്ട് ഗോളിന്റെ ലീഡ് നഷ്ടപ്പെടുത്തി അർജന്റീനയോട് പരാജയപ്പെട്ടതോടെ, റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ഈജിപ്ത് താരങ്ങളും പരിശീലകസംഘവും രംഗത്തെത്തി. ഇതിനിടെ ഫ്രഞ്ച് റഫറിയായ ഫ്രാൻസ്വാ ലെറ്റെക്സിയറിന് മുന്നിൽ കൈകൾ ‘എക്സ്’ ആകൃതിയിൽ കൂട്ടിപ്പിടിച്ചാണ് ഹൊസം ഹസൻ വംശീയ അധിക്ഷേപങ്ങൾക്കെതിരെ ഫിഫ നിശ്ചയിച്ചിട്ടുള്ള സിഗ്നൽ നൽകിയത്. വംശീയ അധിക്ഷേപമുണ്ടായാൽ മത്സരം നിയന്ത്രിക്കുന്ന റഫറിയെ അറിയിക്കാൻ ഫിഫ കൊണ്ടുവന്ന ഔദ്യോഗിക നടപടിക്രമമാണിത്. ഇത് ലഭിച്ചാൽ മത്സരം താൽക്കാലികമായി നിർത്തിവെക്കുന്നതടക്കമുള്ള ഘട്ടങ്ങൾ സ്വീകരിക്കാനാണ് ഫിഫയുടെ മാർഗനിർദേശം. എന്നാൽ നടപടികൾക്ക് പകരം പരിശീലകന് മഞ്ഞക്കാർഡ് നൽകിയതിലെ കാരണം ഫിഫയോ മാച്ച് ഒഫീഷ്യൽസോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
മത്സരത്തിന്റെ ഗതി നിർണയിച്ച വിഎആർ ഇടപെടലുകളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. മുഹമ്മദ് സലാഹിന്റെ നീക്കത്തിൽ നിന്ന് മുസ്തഫ സിക്കോ നേടിയ രണ്ടാം ഗോൾ ആദ്യം അനുവദിച്ചെങ്കിലും, വിഎആർ പരിശോധനയ്ക്ക് ശേഷം അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനെസിനെതിരായ ഫൗൾ ചൂണ്ടിക്കാട്ടി ഗോൾ റദ്ദാക്കുകയായിരുന്നു. ഇതിനുശേഷം അർജന്റീന തിരിച്ചടിക്കുകയും ലയണൽ മെസിയുടെ സമനില ഗോളിനും എൻസോ ഫെർണാണ്ടസിന്റെ വിജയഗോളിനും പിന്നാലെ 3-2 എന്ന സ്കോറിൽ വിജയം ഉറപ്പിക്കുകയുമായിരുന്നു. വിഎആർ തീരുമാനങ്ങളിലെ സ്ഥിരതക്കുറവ് ചൂണ്ടിക്കാട്ടി ഫുട്ബോൾ വിദഗ്ധർ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഈ വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലോകകപ്പ് ക്വാർട്റിൽ സ്വിറ്റ്സർലൻഡിനെ നേരിടും.