സൂറിച്ച്: ഫിഫയിലെ സ്വകാര്യ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ, ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കവുമായി പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. 2030-ലെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം നിലവിലെ 48-ൽ നിന്ന് 64 ആയി ഉയർത്താനാണ് ഇദ്ദേഹം പദ്ധതിയിടുന്നത്. തനിക്കെതിരെ നിലകൊള്ളുന്ന വിവിധ കോൺഫെഡറേഷനുകളെ ഈ നീക്കത്തിലൂടെ ഭിന്നിപ്പിക്കാനും, കൂടുതൽ ദേശീയ അസോസിയേഷനുകളുടെ പിന്തുണ ഉറപ്പാക്കി തന്റെ സ്ഥാനം ഭദ്രമാക്കാനുമാണ് ഇൻഫാന്റിനോയുടെ ലക്ഷ്യം.
2026-ലെ ലോകകപ്പോടെയാണ് ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48-ആയി വർധിപ്പിച്ചത്. ഈ മാറ്റം ഫിഫയ്ക്ക് വലിയ സാമ്പത്തിക ലാഭം നൽകിയെന്നും, മത്സരങ്ങളുടെ നിലവാരത്തിൽ കാര്യമായ കുറവുകൾ സംഭവിച്ചില്ലെന്നുമുള്ള വിലയിരുത്തലാണ് പുതിയ തീരുമാനത്തിന് ഇദ്ദേഹത്തിന് ആത്മവിശ്വാസം നൽകുന്നത്. ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത് വഴി കൂടുതൽ രാജ്യങ്ങൾക്ക് ലോകകപ്പിന്റെ ഭാഗമാകാൻ അവസരം ലഭിക്കും. ഈ പദ്ധതി യാഥാർത്ഥ്യമായാൽ അത് ഫിഫയുടെ വാണിജ്യ വരുമാനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
അടുത്ത വർഷം ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു നിർണ്ണായക പ്രഖ്യാപനം പുറത്തുവരുന്നത്. നിലവിൽ യുവേഫ, കോൺകകാഫ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എന്നിവർ ഇൻഫാന്റിനോയുടെ നിലപാടുകളെ ശക്തമായി എതിർക്കുന്നുണ്ട്. എന്നാൽ ആഫ്രിക്ക, തെക്കേ അമേരിക്ക, ഓഷ്യാനിയ എന്നീ കോൺഫെഡറേഷനുകളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ലോകകപ്പിൽ കൂടുതൽ ടീമുകൾക്ക് അവസരം ലഭിക്കുന്നതോടെ, എതിർപ്പ് തുടരുന്ന കോൺഫെഡറേഷനുകൾക്ക് കീഴിലുള്ള രാജ്യങ്ങളുടെ കൂടി പിന്തുണ ആർജ്ജിക്കാൻ കഴിയുമെന്നാണ് ഫിഫ നേതൃത്വം കണക്കുകൂട്ടുന്നത്.