ഡാലസ്: പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ച സ്പെയിന്, ചരിത്രനേട്ടവും സ്വന്തമാക്കി. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാത്ത ടീം എന്ന ലോക റെക്കോഡാണ് സ്പാനിഷ് സംഘം അടിച്ചെടുത്തത്.
പോര്‍ച്ചുഗലിനെതിരായ പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയത്തോടെ, തുടര്‍ച്ചയായ ആറ് ലോകകപ്പ് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് സ്പെയിന് മുന്നേറിയത്. ഇതോടെ 1990-ല്‍ ഇറ്റലിയും 2006 മുതല്‍ 2010 വരെയുള്ള കാലയളവില്‍ സ്വിറ്റ്സര്‍ലന്‍ഡും സ്ഥാപിച്ച അഞ്ച് ക്ലീന്‍ ഷീറ്റ് മത്സരങ്ങളുടെ റെക്കോഡ് പഴങ്കഥയായി. സ്പെയിനിന്റെ ഗോള്‍കീപ്പര്‍ ഉനായ് സിമോണിനെ കഴിഞ്ഞ 609 മത്സര മിനിറ്റുകളായി എതിരാളികള്‍ക്ക് മറികടക്കാനായിട്ടില്ല എന്നത് സ്പാനിഷ് പ്രതിരോധത്തിന്റെ കരുത്ത് വിളിച്ചോതുന്നു.
2022 ലോകകപ്പില്‍ മൊറോക്കോയ്ക്കെതിരായ മത്സരത്തോടെ തുടങ്ങിയതാണ് സ്പെയിനിന്റെ ഈ ക്ലീന്‍ ഷീറ്റ് പരമ്പര. 2026 ലോകകപ്പില്‍ കേപ് വെര്‍ദെ, സൗദി അറേബ്യ, ഉറുഗ്വായ്, ഓസ്ട്രിയ എന്നിവര്‍ക്കെതിരായ മത്സരങ്ങളിലും സ്പാനിഷ് വല കുലുങ്ങിയില്ല. ഈ നേട്ടത്തോടെ ഒരു ലോകകപ്പിന്റെ ആദ്യ അഞ്ച് മത്സരങ്ങളിലും ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തുന്ന ആദ്യ പുരുഷ ടീമെന്ന റെക്കോഡും സ്പെയിന് സ്വന്തമാക്കി. ശക്തമായ പ്രതിരോധവും അച്ചടക്കമുള്ള കളിയുമായി കിരീടപ്പോരാട്ടത്തില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുകയാണ് സ്പാനിഷ് സംഘം.