ഷാർജ: ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ അബദ്ധത്തിൽ ലൈവായി പുറത്തായ സംഭവത്തിൽ മലയാളി വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇയിൽ അറസ്റ്റിലായി. ‘എന്റെ കാസെറ്റ്’ എന്ന സോഷ്യൽ മീഡിയ പേജിലൂടെ ശ്രദ്ധ നേടിയ ഇയാളെ ഷാർജ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ലഹരിവിരുദ്ധ പ്രവർത്തകനെന്ന പ്രതിച്ഛായയിൽ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഹക്കീം, ലഹരി ഉപയോഗിക്കുന്നതിനിടെ ‘കിക്ക്’ പ്ലാറ്റ്ഫോമിൽ അബദ്ധത്തിൽ ലൈവ് സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിന്നാലെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വെച്ചാണ് ഷാർജ പോലീസ് ഇയാളെ പിടികൂടിയത്. നേരത്തെ ബെംഗളൂരുവിൽ മലയാളി യുവാക്കളെ ലക്ഷ്യമിടുന്ന ലഹരി മാഫിയയെക്കുറിച്ച് നിരവധി വീഡിയോകൾ ഹക്കീം നിർമിച്ചിരുന്നു. ലഹരിവിരുദ്ധ പ്രവർത്തകനെന്ന നിലയിൽ നേടിയ ജനപ്രീതിക്കിടെയാണ് ഇപ്പോൾ ഇയാൾ തന്നെ ലഹരി ഉപയോഗക്കേസിൽ കുടുങ്ങിയിരിക്കുന്നത്.
അതേസമയം, ഹക്കീമിനെതിരെ കേരളത്തിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് വിവരം. എറണാകുളത്തെ ഒരു യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിലും, സോഷ്യൽ മീഡിയയിലെ സ്വാധീനം ഉപയോഗിച്ച് സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന ആരോപണങ്ങളിലും ഇയാൾ പ്രതിയാണ്. ഒരു പ്രമുഖ ചലച്ചിത്ര താരത്തിനെതിരെ ആരോപണമുന്നയിച്ച് 25 ലക്ഷം രൂപ വാങ്ങി വിഷയം ഒത്തുതീർപ്പാക്കിയെന്ന ആരോപണവും അടുത്തിടെ ചർച്ചയായിരുന്നു. ഈ ഇടപാടിൽ തനിക്ക് പങ്കുണ്ടെന്നും പണം കൈമാറിയിരുന്നുവെന്നും ഗായകൻ ഹനാൻ ഷാ വെളിപ്പെടുത്തിയിരുന്നു. യുഎഇയിലെ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം പുരോഗമിക്കുകയാണ്.