കുറുപ്പംപടി: മതിയായ യാത്രാരേഖകളോ അനുമതിയോ ഇല്ലാതെ കേരളത്തിൽ താമസിച്ച് ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ. മുഹമ്മദ് റാത്തോൺ ഇസ്ലാമിനെയാണ് കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലയിലെ മേതല, വണ്ടമറ്റത്തുള്ള ഒരു സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ കഴിഞ്ഞ ഒരു മാസത്തോളമായി ഇയാൾ ജോലി ചെയ്തുവരികയായിരുന്നു.
വിദേശ പൗരൻ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇയാൾ അനധികൃതമായാണ് അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചതെന്നും, കൈവശം യാതൊരുവിധ രേഖകളും ഇല്ലെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളുടെ താമസവും ജോലിയും നിയമവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേരളത്തിൽ ഇയാൾ എത്തിയ സാഹചര്യം, ഇയാൾക്ക് ജോലി ലഭിക്കാൻ സഹായിച്ചവർ, അതിർത്തി കടക്കാൻ കൂട്ടുനിന്നവർ തുടങ്ങിയ കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് റാത്തോൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ രേഖകൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികളുടെയും ഇമിഗ്രേഷൻ അധികൃതരുടെയും സഹായം തേടുന്നതടക്കമുള്ള തുടർനടപടികൾ പൊലീസ് ആലോചിക്കുന്നുണ്ട്.