ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തലസ്ഥാന നഗരി സജ്ജമായി. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തും. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിലെ ആഘോഷങ്ങളുടെ ഭാഗമായി ‘വന്ദേമാതരം’ ആലപിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. വന്ദേമാതരത്തിന്റെ 150-ാം വാർഷികവും ‘വികസിത് ഭാരത്@2047’ എന്ന ലക്ഷ്യത്തിലേക്കുള്ള യുവശക്തിയുടെ പങ്കാളിത്തവും മുൻനിർത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നത്.
ദേശീയപതാക ഉയർത്തിയതിന് പിന്നാലെ തദ്ദേശീയമായി നിർമിച്ച 105 എംഎം ലൈറ്റ് ഫീൽഡ് ഗണ്ണുകൾ ഉപയോഗിച്ച് 21-ഗൺ സല്യൂട്ട് നൽകും. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകൾ ദേശീയപതാകയും ‘വന്ദേമാതരം’ ആലേഖനം ചെയ്ത പതാകയും വഹിച്ച് ചെങ്കോട്ടയ്ക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തും. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആഘോഷച്ചടങ്ങിൽ കര, നാവിക, വ്യോമസേനകളിലെയും മൈ ഭാരത് പദ്ധതിയിലെയും 2,500 കേഡറ്റുകൾ പങ്കെടുക്കും. എൻസിസി കേഡറ്റുകളും മൈ ഭാരത് വോളന്റിയർമാരും ചേർന്ന് വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ആലപിക്കും. കൂടാതെ, പിഎം വിശ്വകർമ, പിഎം മുദ്ര യോജന തുടങ്ങിയ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ 5,000-ത്തോളം വിശിഷ്ടാതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് സുരക്ഷാക്രമീകരണങ്ങൾ അതീവ കർശനമാക്കിയിട്ടുണ്ട്. ചെങ്കോട്ടയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് 20,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഡൽഹി പൊലീസ്, അർധസൈനിക വിഭാഗങ്ങൾ, എൻഎസ്ജി, എൻഡിആർഎഫ് തുടങ്ങിയവ സുരക്ഷാ ചുമതല നിർവഹിക്കും. 1,000-ത്തിലധികം സിസിടിവി ക്യാമറകൾക്ക് പുറമെ ഫേഷ്യൽ റെക്കഗ്നിഷൻ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ എന്നിവയും സജ്ജമാണ്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 343 പ്രമുഖ കേന്ദ്രങ്ങളിൽ ബാൻഡ് പ്രകടനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പൗരന്മാരിൽ ദേശഭക്തിയുടെ വികാരം ശക്തിപ്പെടുത്തുകയും 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവജനങ്ങളെ അണിനിരത്തുകയുമാണ് ഇത്തവണത്തെ ആഘോഷങ്ങളിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.