ജയ്പൂർ: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിൽ (12431) തീപിടിത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം പുലർച്ചെ 5:15 ഓടെയാണ് സംഭവം. ട്രെയിനിന്റെ എൻജിനിലും ബി1 കോച്ചിലുമാണ് തീ പടർന്നത്. കൃത്യ സമയത്തുള്ള ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
തീ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രെയിൻ നിർത്തി സുരക്ഷാ നടപടികൾ ആരംഭിച്ചു. തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ എൻജിനും തീപിടിച്ച കോച്ചും വേർപെടുത്തി. ബി1 കോച്ചിലെ യാത്രക്കാരെ ഉടൻ തന്നെ പുറത്തെത്തിച്ചു. തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യാത്രക്കാർ ഈ ട്രെയിനിലുണ്ടായിരുന്നു.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച ട്രെയിനാണിത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇതിനെക്കുറിച്ച് റെയിൽവേ ഉന്നതതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.