പൂനെ: യുവവ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ തള്ളി പിതാവ് വിശാൽ അഗർവാൾ രംഗത്ത്. കേതൻ വിഗ് ഉപയോഗിച്ചിരുന്ന കാര്യം സിയ ഗോയലും കുടുംബവും നേരത്തെ അറിഞ്ഞിരുന്നതാണെന്നും, ഇത് മറച്ചുവെച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേതൻ വിഗ് ഉപയോഗിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. വിവാഹനിശ്ചയത്തിന് മുമ്പ് തന്നെ ഇക്കാര്യം വധുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും, അതിൽ ആർക്കും എതിർപ്പുകളുണ്ടായിരുന്നില്ലെന്നും വിശാൽ അഗർവാൾ അറിയിച്ചു.
കേസിൽ പൂനെ പോലീസ് അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കേതൻ അഗർവാളിന്റെ പ്രതിശ്രുത വധു സിയ ഗോയലും, കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ജൂൺ 18-ന് ലോഹ്ഗഡ് കോട്ട സന്ദർശിക്കുന്നതിനിടെയാണ് കേതൻ അഗർവാൾ മലയിടുക്കിലേക്ക് വീണ് മരിക്കുന്നത്. തുടക്കത്തിൽ ഇതൊരു അപകടമരണമായിട്ടാണ് രജിസ്റ്റർ ചെയ്തിരുന്നത്.
എന്നാൽ, സംഭവസ്ഥലത്തുണ്ടായിരുന്ന സിയ നൽകിയ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കേതൻ ഫോട്ടോ എടുക്കുന്നതിനിടെ വഴുതി വീണതാണെന്ന് ആദ്യം പറഞ്ഞ സിയ, പിന്നീട് വെള്ളക്കുപ്പി നൽകുന്നതിനിടെയാണ് വീണതെന്ന് മാറ്റിപ്പറയുകയായിരുന്നു. ഈ മൊഴിയിലെ പൊരുത്തക്കേടുകളിൽ സംശയം തോന്നിയ പോലീസ്, കോട്ടയിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളിൽ സംശയകരമായ സാഹചര്യത്തിൽ ചേതൻ ചൗധരിയെ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.