സംസ്ഥാനം: മിൽമ പാൽ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കാൻ തീരുമാനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉടൻ നടപ്പിലാക്കില്ല. മിൽമ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്. വിവിധ യൂണിയനുകൾ ലിറ്ററിന് മൂന്ന് മുതൽ ആറ് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ വില വർദ്ധിപ്പിക്കുന്നത് ലംഘനമാകുമോ എന്ന ആശങ്കയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മിൽമ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. എന്നാൽ കമ്മീഷനിൽ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് വില വർധന തൽക്കാലത്തേക്ക് വേണ്ടെന്ന് വെച്ചു. ഡിസംബറിൽ തന്നെ പാൽ വില കൂടുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി അറിയിച്ചിട്ടും നടപ്പാക്കാത്തതിൽ എറണാകുളം യൂണിയൻ പ്രതിഷേധിച്ചു. യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
തീരുമാനം വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ചില യൂണിയനുകൾ ആരോപിക്കുന്നു. സർക്കാർ മാറിയാൽ പാൽ വില വർധനയുടെ ഉത്തരവാദിത്തം പുതിയ സർക്കാരിന് നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.