ഇൻഡോർ: മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് 26.86 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇരുപത്തിയൊൻപതുകാരനെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗർ ജില്ലയിലെ ജേവാർ സ്വദേശിയായ ജിതേന്ദ്ര കുമാർ ചോങ്കർ എന്ന ജീതുവാണ് പിടിയിലായത്.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജൂൺ 27-ന് ഇമിഗ്രേഷൻ അധികൃതരാണ് ഇയാളെ തടഞ്ഞുവെച്ചത്. ഇൻഡോർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. തുടർന്ന് ഇമിഗ്രേഷൻ വിഭാഗം ഇയാളെ മധ്യപ്രദേശ് പോലീസിന് കൈമാറുകയായിരുന്നു.
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെടുമ്പോൾ താൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയുമായി അടുപ്പത്തിലായത്. വിവാഹവാഗ്ദാനം നൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷം പലപ്പോഴായി ഇയാൾ പണം തട്ടുകയായിരുന്നു. തനിക്ക് ബ്ലഡ് ക്യാൻസർ ആണെന്നും ചികിത്സാ ആവശ്യങ്ങൾക്കായി പണം വേണമെന്നും വിശ്വസിപ്പിച്ചാണ് വലിയൊരു തുക കൈക്കലാക്കിയത്. എന്നാൽ അന്വേഷണത്തിൽ, പ്രതി റഷ്യയിലെ മോസ്കോയിൽ നിർമ്മാണ തൊഴിലാളികളുടെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്നതായാണ് കണ്ടെത്തിയത്. സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.