മലപ്പുറം: ഹോംവർക്ക് ചെയ്തില്ലെന്നാരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ഗണിത അധ്യാപകൻ ചൂരൽ കൊണ്ട് മർദിച്ചതായി പരാതി. കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ അധ്യാപകൻ ബെൽരാജിനെതിരെ കുടുംബം കൽപകഞ്ചേരി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകി.
പനി ബാധിച്ച് മൂന്ന് ദിവസത്തെ അവധിക്ക് ശേഷം സ്കൂളിലെത്തിയ കുട്ടി, വിട്ടുപോയ പാഠഭാഗങ്ങൾ സഹപാഠിയുടെ നോട്ട്ബുക്ക് നോക്കി എഴുതുന്നതിനിടെയാണ് സംഭവം. അധ്യാപകൻ കുട്ടിയെ ചൂരൽ കൊണ്ട് മർദിക്കുകയായിരുന്നു. മർദനമേറ്റ വിദ്യാർഥിനിയുടെ വലതുകൈപ്പത്തിയിലെ എല്ലിന് പൊട്ടലുണ്ടായതായി ആശുപത്രി പരിശോധനയിൽ കണ്ടെത്തി. പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അടിയേറ്റതിന് പിന്നാലെ കൈ വീർക്കുകയും വേദന അനുഭവപ്പെടുകയും ചെയ്തിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അധികൃതർ തയാറായില്ലെന്നും, പൊട്ടലേറ്റ കൈകൊണ്ട് തന്നെ ബോർഡിൽ എഴുതാൻ അധ്യാപകൻ നിർബന്ധിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
വിഷയത്തിൽ അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. സ്കൂളുകളിൽ വിദ്യാർഥികൾക്ക് നേരെ നടക്കുന്ന ശാരീരിക ശിക്ഷാ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. ബാലാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടതോടെ അടിയന്തരമായ നിയമനടപടികൾക്കായി അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്.