മലപ്പുറം: ആനങ്ങാടിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരെ ആക്രമിച്ച പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെയും ആക്രമണം. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് സ്വദേശി മുഹമ്മദ് സാദിഖാണ് അക്രമം അഴിച്ചുവിട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരപ്പനങ്ങാടി സിഐ ഉൾപ്പെടെയുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു പ്രതിയുടെ ആക്രമണം.
സംഭവത്തിനിടെ പൊലീസ് വാഹനം തകർക്കാനും പ്രതി ശ്രമം നടത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന മുഹമ്മദ് സാദിഖിനെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതി ലഹരി ഉപയോഗിച്ച ശേഷമാണ് ബൈക്കിൽ പെട്രോൾ പമ്പിലെത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവസമയം ഇയാൾക്കൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു.
പമ്പിലെ ജീവനക്കാരെ പ്രതി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ പ്രതി ജീവനക്കാരുമായി തർക്കിക്കുന്നതും ക്രൂരമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് റിമാൻഡിലായിരുന്ന പ്രതിക്ക് നിലവിൽ ജാമ്യം ലഭിച്ചതായാണ് വിവരം.