കാസർഗോഡ്: മദ്യപിച്ച് വാഹനമോടിച്ചതിന് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ധന്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യയെ ബുധനാഴ്ച അണങ്കൂരിൽ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദേശീയപാത 66-ൽ റോഡിന്റെ നടുവിലായി കാർ നിർത്തിയിട്ട നിലയിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സംഘം പരിശോധനയ്ക്കെത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് സമീപമെത്തിയ ഉടൻ തന്നെ ധന്യ കാർ അമിതവേഗത്തിൽ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് പൊലീസ് സംഘം പിന്തുടർന്ന് ബന്തിയോട് ഭഗവതി നഗർ വെച്ച് വാഹനം തടഞ്ഞുനിർത്തിയാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ ധന്യ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മദ്യപിച്ച് വാഹനമോടിച്ചതിനും നിയമലംഘനം നടത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ധന്യയുടെ അറസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.