റായ്പൂർ: ഛത്തീസ്ഗഢിലെ ബലോഡബസാര് ജില്ലയിലുണ്ടായ ദുരൂഹ മരണപരമ്പരയിൽ നിർണായക വഴിത്തിരിവ്. നാല് മാസത്തിനിടെ എട്ടുപേരെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഖർവെ ഗ്രാമത്തിലെ കടയുടമ രാം സഹായ് ജയ്സ്വാളിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
മദ്യത്തിൽ ബോറാക്സ് പൗഡർ കലർത്തി നൽകിയാണ് പ്രതി ഇരകളെ കൊലപ്പെടുത്തിയിരുന്നത്. മുൻവൈരാഗ്യം, നിസ്സാരമായ തർക്കങ്ങൾ, അന്ധവിശ്വാസം എന്നിവയാണ് കൊലപാതകങ്ങൾക്ക് പ്രേരിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. കുറ്റകൃത്യത്തിന്റെ ക്രൂരതയും രീതിയും കണക്കിലെടുത്ത് പ്രതിയെ സൈക്കോ കൊലയാളി എന്നാണ് പൊലീസ് വിശേഷിപ്പിക്കുന്നത്. എലികളെ കൊല്ലാനുള്ള മരുന്നെന്ന വ്യാജേന ബോറാക്സ് പൗഡർ വാങ്ങിയ പ്രതി, ആദ്യം മൃഗങ്ങളിൽ പരീക്ഷണം നടത്തിയ ശേഷമാണ് മനുഷ്യർക്ക് നേരെ പ്രയോഗിച്ചത്. കുറ്റകൃത്യങ്ങൾക്ക് ശേഷം സംശയം ഒഴിവാക്കാൻ ഇരകളെ ആശുപത്രിയിൽ എത്തിക്കാനും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും ഇയാൾ ശ്രദ്ധിച്ചിരുന്നു.
ഗ്രാമത്തിൽ തുടർച്ചയായി നടന്ന മരണങ്ങളിൽ സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും നൽകിയ പരാതിയിലാണ് കേസ് പുറത്തറിയുന്നത്. ആദ്യം സ്വാഭാവിക മരണങ്ങളെന്ന് കരുതിയ സംഭവങ്ങളിൽ, മരിച്ചവർക്ക് പ്രതിയുമായുള്ള ബന്ധം തെളിഞ്ഞതോടെ അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മെയ് മാസത്തിൽ മരിച്ച ഒരാളുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. തുടർന്ന് മറ്റ് മൃതദേഹങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ എട്ട് കൊലക്കേസുകളും ഒരു വധശ്രമക്കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.