കാസർകോട്: യാത്രക്കാരുടെ കുറവ് മൂലം പ്രതിസന്ധിയിലായ മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള നടപടികൾ വീണ്ടും സജീവമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതോടെയാണ് സർവീസ് നീട്ടുമെന്ന പ്രതീക്ഷ ശക്തമായത്. നേരത്തെ ഈ ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ തീരുമാനിച്ചിരുന്നെങ്കിലും കർണാടകയിലെ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന എതിർപ്പിനെ തുടർന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയാൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്ന തീർഥാടകരുടെ സൗകര്യാർത്ഥം ബൈന്ദൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മംഗൽപ്പാടിയിലെ എം.ആർ.പി.എല്ലിൽ നടന്ന ‘സ്വച്ഛതാ പക്ക്വാഡ’ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിലെ മറ്റ് വന്ദേഭാരത് ട്രെയിനുകൾ 150 ശതമാനത്തിലധികം ഒക്യുപെൻസിയോടെ മികച്ച വരുമാനം നേടുമ്പോൾ, മംഗളൂരു-ഗോവ വന്ദേഭാരത് ട്രെയിനിൽ പകുതിയോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ സർവീസ് ലാഭകരമാക്കാൻ മലബാറിലേക്ക് ട്രെയിൻ നീട്ടുക മാത്രമാണ് പ്രായോഗിക പരിഹാരമെന്നാണ് യാത്രക്കാരുടെ കൂട്ടായ്മകളും റെയിൽവേയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട്ടേക്ക് സർവീസ് നീട്ടിയാൽ യാത്രക്കാർക്കും റെയിൽവേയ്ക്കും ഒരുപോലെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. കൊല്ലൂർ മൂകാംബിക (ബൈന്ദൂർ), ഉഡുപ്പി, മുരുഡേശ്വർ തുടങ്ങിയ പ്രധാന തീർഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്ന മലബാറിലെ യാത്രക്കാർക്കും, കേരളത്തിൽ നിന്ന് ഗോവയിലേക്ക് വേഗത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.