ബെംഗളുരു: പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള പ്രതികാരമായി നിയമവിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ കാമുകനും സഹോദരനും അറസ്റ്റിൽ. കൊടിഹള്ളി സ്വദേശിനിയായ അമൃതയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച പകൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന അമൃതയെ അക്രമി കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
അമൃതയും ധനുഷ് എന്ന യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ സമ്മതം നൽകിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അമൃത ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
ആക്രമണത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് പ്രതിയായ സൂര്യയെ പിടികൂടി പോലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഹോദരനായ ധനുഷിന് സംഭവത്തിലുള്ള പങ്കാളിത്തം വ്യക്തമായത്. പ്രണയബന്ധം തകർന്നതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.