ബെംഗളൂരു: രൂക്ഷമായ ഗതാഗതക്കുരുക്കും യാത്രാദുരിതങ്ങളും തുടരുന്നതിനിടയിലും ബെംഗളൂരു നഗരത്തിലെ സ്വകാര്യ കാറുകളുടെ എണ്ണം പുതിയ നാഴികക്കല്ല് പിന്നിട്ടു. ഗതാഗത വകുപ്പിന്റെ കണക്കുപ്രകാരം, നഗരത്തില് രജിസ്റ്റർ ചെയ്ത സ്വകാര്യ കാറുകളുടെ എണ്ണം ഇതാദ്യമായി 25 ലക്ഷം കവിഞ്ഞു. ജൂൺ അവസാനത്തോടെയുള്ള കണക്കുകൾ പ്രകാരം 25.2 ലക്ഷം കാറുകളാണ് നഗരത്തിലെ റോഡുകളിലുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മാത്രം അഞ്ച് ലക്ഷത്തിലധികം പുതിയ കാറുകളാണ് നിരത്തിലിറങ്ങിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാറുകളും ഇരുചക്ര വാഹനങ്ങളും രജിസ്റ്റർ ചെയ്യപ്പെടുന്ന നഗരങ്ങളിൽ ബെംഗളൂരു നിലവിൽ ഒന്നാം സ്ഥാനത്താണ്.
നഗരത്തിലെ റോഡുകളിൽ ഇന്നും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇരുചക്ര വാഹനങ്ങളെയാണ്. നിലവിൽ 87 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണക്കുകൾ പ്രകാരം നഗരത്തിലെ പത്ത് വാഹനങ്ങളിൽ ഏഴെണ്ണവും ഇരുചക്ര വാഹനങ്ങളാണ്. അതേസമയം, ടോംടോം ട്രാഫിക് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ മെക്സിക്കോ സിറ്റിക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. നഗരത്തിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ യാത്രക്കാർ ശരാശരി 36 മിനിറ്റിലധികം സമയം ഗതാഗതക്കുരുക്കിൽ ചിലവഴിക്കേണ്ടി വരുന്നുണ്ട്.
സ്വകാര്യ വാഹനങ്ങളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നതിന് പ്രധാന കാരണം പൊതുഗതാഗത സംവിധാനങ്ങളിലെ പാളിച്ചയാണെന്ന് ഗതാഗത വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെട്രോ പദ്ധതികളുടെ നിർമ്മാണത്തിലുള്ള കാലതാമസവും ബിഎംടിസി ബസ് ശൃംഖലയിലുണ്ടായ കുറവും യാത്രക്കാരെ സ്വന്തം വാഹനങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുകയാണ്. വലിയ റോഡ് പദ്ധതികൾക്ക് പകരം പൊതുഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും നടപ്പാതകളുടെ നവീകരണത്തിനുമാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് വിലയിരുത്തപ്പെടുന്നു. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങൾക്ക് സമാനമായ രീതിയിൽ ശക്തമായ പൊതുഗതാഗത ശൃംഖലയും സുസ്ഥിരമായ യാത്രാ നയങ്ങളും നടപ്പിലാക്കിയാൽ മാത്രമേ ബെംഗളൂരുവിലെ ഗതാഗത സ്തംഭനത്തിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ.