ബെംഗളൂരു: നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. പൂപ്പൽ പിടിച്ച പച്ചക്കറികൾ, കാലാവധി കഴിഞ്ഞ പാൽ, പഴകിയ മാംസം, മത്സ്യം, ബേക്കറി ഉത്പന്നങ്ങൾ എന്നിവ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ബെംഗളൂരുവിലെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന 26 ത്രീ-സ്റ്റാർ, ഫൈവ്-സ്റ്റാർ ഹോട്ടലുകളിലാണ് പ്രത്യേക പരിശോധന നടത്തിയത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ പരിധിയിലെ വിവിധ സോണുകളിലായി 30 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘങ്ങളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
ഹോട്ടലുകളുടെ അടുക്കളകളിലും സ്റ്റോറുകളിലും നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം വ്യാപകമാണെന്ന് കണ്ടെത്തി. വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ പ്രത്യേകം സൂക്ഷിക്കാത്തതും, ഭക്ഷ്യവസ്തുക്കളുടെ ലേബലിംഗിലെ വീഴ്ചകളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ലളിത് അശോക് ഹോട്ടലിൽ നിന്ന് 76 കിലോ മാംസവും 200 കിലോ പച്ചക്കറികളും, റാഡിസൺ ബ്ലൂ (ദി ആട്രിയ) ഹോട്ടലിൽ നിന്ന് 105 കിലോയോളം പഴകിയ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. കൂടാതെ ഷാങ്ഗ്രി-ല, ഫോർ സീസൺസ്, വിവാന്ത ബെംഗളൂരു വൈറ്റ്ഫീൽഡ്, താജ് യശ്വന്ത്പൂർ തുടങ്ങിയ പ്രമുഖ ഹോട്ടലുകളിൽ നിന്നും വൻതോതിൽ കാലാവധി കഴിഞ്ഞ മാംസവും മറ്റ് ഉത്പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.
പരിശോധനയുടെ ഭാഗമായി ചായപ്പൊടി, ചിക്കൻ, മട്ടൺ, മത്സ്യം, ഭക്ഷ്യ എണ്ണ, വിവിധ മസാലപ്പൊടികൾ, പാൽ തുടങ്ങി 35 ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നോട്ടീസ് നൽകി. ലബോറട്ടറി പരിശോധനാ ഫലത്തിന്റെയും നിയമ വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്.