ഡാലസ്: ലോക ഫുട്ബോളിൽ വീണ്ടും ചരിത്രം കുറിച്ച് അർജന്റീനൻ നായകൻ ലയണൽ മെസി. 2026 ഫിഫ ലോകകപ്പിൽ ജോർദാനെതിരായ മത്സരത്തിൽ നേടിയ അതിമനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ കരിയറിലെ ഫ്രീകിക്ക് ഗോളുകളുടെ എണ്ണം 72 ആയി ഉയർത്തി മെസി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഇതോടെ ബ്രസീലിന്റെ ഇതിഹാസ താരം ജൂനിഞ്ഞോ പെർനംബുക്കാനോയുടെ റെക്കോർഡിനൊപ്പമെത്താനും മെസിക്കായി.
ജോർദാനെതിരെ അർജന്റീന 3-1ന് വിജയിച്ച മത്സരത്തിലാണ് ചരിത്രപരമായ ഈ ഗോൾ പിറന്നത്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ബോക്സിന് പുറത്തുനിന്ന് മെസി തൊടുത്ത ഫ്രീകിക്ക് എതിർഗോൾകീപ്പറെ നിസ്സഹായനാക്കി വലയിലെത്തുകയായിരുന്നു. ഈ നേട്ടത്തോടെ ഫ്രീകിക്ക് ഗോളുകളിൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ സംയുക്ത മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ മെസിക്ക് സാധിച്ചു.
ഫ്രീകിക്ക് ഗോളുകളുടെ എക്കാലത്തെയും പട്ടികയിൽ 78 ഗോളുകളുമായി ബ്രസീലിന്റെ മാർസെലീനോ കരിയോകയാണ് ഒന്നാമത്. 75 ഗോളുകളുമായി റോബർട്ടോ ദിനമിറ്റെ രണ്ടാമതുണ്ട്. ഈ രണ്ട് ബ്രസീലിയൻ ഇതിഹാസങ്ങളുടെ റെക്കോർഡുകൾ തകർക്കുകയെന്നതാണ് മെസിയുടെ മുന്നിലുള്ള അടുത്ത ലക്ഷ്യം. 39-ാം വയസ്സിലും പന്തിലെ നിയന്ത്രണവും കൃത്യതയും കാത്തുസൂക്ഷിക്കുന്ന മെസി, 2026 ലോകകപ്പിൽ അർജന്റീനയുടെ കിരീടപ്രതീക്ഷകൾക്ക് കരുത്തേകുന്നതിനൊപ്പം വ്യക്തിഗത റെക്കോർഡുകളിലും പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുകയാണ്.