ചെന്നൈ: പ്രായപൂർത്തിയാകാത്ത മകനെ ഇരുചക്ര വാഹനം ഓടിക്കാൻ അനുവദിച്ച പിതാവിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. മകൻ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ 54-കാരി ചികിത്സയിലിരിക്കെ മരിച്ചതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ജൂൺ 28-ന് പുളിയന്തോപ്പ് മെയിൻ റോഡിലെ ഒരു സ്വകാര്യ സ്കൂളിന് സമീപമായിരുന്നു സംഭവം. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പുളിയന്തോപ്പ് സ്വദേശി മധുരയെ (54), എതിർദിശയിൽ നിന്ന് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മധുരയെ ഉടൻ തന്നെ സർക്കാർ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന വകുപ്പുകൾ പ്രകാരം പോലീസ് കേസ് പുനഃരജിസ്റ്റർ ചെയ്തു. പുളിയന്തോപ്പ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് നടത്തിയ അന്വേഷണത്തിലാണ്, അപകടസമയത്ത് ബൈക്ക് ഓടിച്ചിരുന്നത് 17 വയസ്സുള്ള വിദ്യാർഥിയാണെന്ന് കണ്ടെത്തിയത്. ഇതിനെത്തുടർന്ന് വിദ്യാർഥിയുടെ പിതാവായ പുളിയന്തോപ്പ് സ്വദേശി അമീർജനെ (42) പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും ഗതാഗത നിയമങ്ങൾ മാതാപിതാക്കൾ കർശനമായി പാലിക്കണമെന്നും ചെന്നൈ ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി.