മുംബൈ: സീരിയൽ-സിനിമാ താരം സഞ്ചിത ഉഗാലെയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 14-നാണ് മഹാരാഷ്ട്രയിലെ വസതിയിൽ നടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണവാർത്ത പുറത്തുവന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകൾ വരെ സഞ്ചിത സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മരണത്തിന് ഏകദേശം 18 മണിക്കൂർ മുമ്പാണ് താരം അവസാനമായി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റീൽ വീഡിയോ പങ്കുവെച്ചത്.
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരം ‘കുംകും ഭാഗ്യ’ എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്കിടയിൽ പ്രശസ്തയായത്. വിക്കി കൗശൽ പ്രധാന വേഷത്തിലെത്തിയ ‘ഛാവ’, ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റായ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ തുടങ്ങി നിരവധി ചിത്രങ്ങളിലും സഞ്ചിത വേഷമിട്ടിട്ടുണ്ട്. നടിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളോ കാരണങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല.
തൻ്റെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അച്ചോലെ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് പോലീസ് ഇൻസ്പെക്ടർ വിനോദ് ബാഗ് അറിയിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ വസായ്-വിരാർ മുനിസിപ്പൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സഞ്ചിതയുടെ പിതാവ് മച്ചീന്ദ്ര ഉഗാലെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അച്ചോലെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.