കൊല്ലം: ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഉയർന്നിരിക്കുന്ന മർദ്ദനാരോപണം അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷൻ അംഗം വി. ഗീതയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) ആണ് കഴിഞ്ഞ 24-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഓഗസ്റ്റ് 5-ന് തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള മനുഷ്യാവകാശ കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ റിപ്പോർട്ടുമായി നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ടറ-കൊല്ലം റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന സിയാദിനെ അയൽവാസികളായ രണ്ട് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ആരോപണമുണ്ട്. കസ്റ്റഡിയിലിരിക്കെ സിയാദിനെ പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ തുടർനടപടികൾ സ്വീകരിച്ചിരിക്കുന്നത്.