കണ്ണൂർ: പൈതൽമലയിൽ ട്രെക്കിങ്ങിനിടെയുണ്ടായ ഇടിമിന്നലിൽ യുവതി മരിച്ചു. ചെറുപുഴ സ്വദേശി അഞ്ജു മാത്യുവാണ് (31) മരിച്ചത്. ട്രെക്കിങ്ങിനിടെ അപ്രതീക്ഷിതമായി ഉണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായിരുന്നു അഞ്ജു.
സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ സനീഷിനും പരിക്കേറ്റു. ഇരുവരെയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന സാഹചര്യത്തെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴയും മോശം കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലേക്കുള്ള വിനോദസഞ്ചാര യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനവും ഇടിമിന്നൽ സാധ്യതകളും കണക്കിലെടുത്ത് മലനിരകളിലേക്കും വനമേഖലകളിലേക്കും ട്രെക്കിങ്ങിനായി പോകുന്നവർ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.