കോഴിക്കോട്: പേരാമ്പ്രയില്‍ ലഹരി പരിശോധനയ്ക്കിടെ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി കോവുമ്മല്‍ സ്വദേശി അഫ്രീദ് (23), പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശി ഷംസീര്‍ (29), പാലക്കാട് എടത്തനാട്ടുകര സ്വദേശി റിന്‍ഷ ഫാത്തിമ (22), കൊല്ലം കടപ്പാക്കട സ്വദേശി സംഗീത (22), മലപ്പുറം സ്വദേശിയായ 16-കാരി എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 2.157 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
പേരാമ്പ്ര പാണ്ടിക്കോട് പ്രദേശത്ത് ഡാന്‍സഫ് സ്ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 7.30-ഓടെ പരിശോധനയ്ക്കിടെ ലഹരി സംഘത്തിലുള്ളവര്‍ പോലീസിനെ ആക്രമിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കീഴടക്കി കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ അഫ്രീദ് മുന്‍പും വിവിധ ലഹരിക്കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ലഹരിക്കെതിരെ ശക്തമായി നടപ്പാക്കുന്ന ‘ഓപ്പറേഷന് തൂഫാന്’ നടപടികളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ഈ പദ്ധതി ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. നേരത്തെ പാലക്കാട് ഹേമാംബിക നഗറില്‍ വനിതാ ഉദ്യോഗസ്ഥരടക്കം മൂന്ന് പോലീസുകാര്‍ക്ക് നേരെയും ലഹരി സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. ലഹരി മാഫിയക്കെതിരായ നടപടികള്‍ വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.