പെരുമ്പാവൂർ: എറണാകുളം കോടനാട് പരസ്യ ചിത്രീകരണത്തിനിടെ പാറമടയിൽ വീണ് യുവാവ് മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശിയായ ദിയാൻഷു ജോഷി (26) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
ഡൽഹിയിൽ നിന്നെത്തിയ നാലംഗ സംഘത്തിൽപ്പെട്ടയാളാണ് ദിയാൻഷു. പരസ്യ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാനാണ് ഇവർ കോടനാട്ടെത്തിയത്. സാമൂഹിക മാധ്യമങ്ങളിലെ റീൽസിലൂടെയാണ് ഇവർ ഈ പാറമടയെക്കുറിച്ച് അറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ വെള്ളത്തിൽ നീന്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഏറെക്കാലമായി പ്രവർത്തനരഹിതമായ ഈ പാറമടയിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്നതാണ്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. നടപടികൾക്ക് ശേഷം മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.