പുനലൂര്‍: പുനലൂര്‍ നെല്ലിപ്പള്ളിയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ സര്‍വീസ് സ്റ്റേഷന് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ വന്മള അയ്യത്ത് പുത്തന്‍വീട്ടില്‍ സിജു തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് നെല്ലിപ്പള്ളി പെട്രോള്‍ പമ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വീസ് സ്റ്റേഷനിലേക്കാണ് കൂറ്റന്‍ മതില് ഇടിഞ്ഞു വീണത്. ഉച്ചമുതല്‍ പ്രദേശത്ത് പെയ്ത കനത്ത മഴയിലും കാറ്റിലും മണ്ണ് കുതിര്‍ന്ന് മതില് സ്റ്റേഷന് കെട്ടിടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് മേല്‍ക്കൂരയും മണ്ണും ഒന്നിച്ച് താഴേക്ക് പതിച്ചതോടെ ഉള്ളിലുണ്ടായിരുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ലോറിയുടെ ക്യാബിന് വെട്ടിപ്പൊളിച്ചാണ് സിജുവിന്റെ മൃതദേഹം പുറത്തെടുത്തത്. ലോറിക്ക് പുറമെ ഒരു സ്കൂള്‍ ബസ്സും നിരവധി സ്കൂട്ടറുകളും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടിട്ടുണ്ട്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പാളികള്‍ നീക്കം ചെയ്ത് മറ്റ് വാഹനങ്ങള്‍ക്കടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. കനത്ത മഴയെത്തുടര്‍ന്ന് മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.