ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരായ (പിഎഫ്ഐ) കേസന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) നിർണായക മുന്നേറ്റം. സംഘടനയുടെ ചെയർമാൻ ഒ.എം.എ സലാം, സ്ഥാപക ചെയർമാൻ ഇ.എം അബൂബക്കർ എന്നിവരുൾപ്പെടെയുള്ള 20 നേതാക്കൾക്കെതിരെയും സംഘടനയ്ക്കെതിരെയും യുഎപിഎ (UAPA) ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി ഡൽഹി പട്യാല ഹൗസിലെ എൻഐഎ പ്രത്യേക കോടതി ഉത്തരവിട്ടു. ജൂലൈ 29-ന് കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കും.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുക, തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കുക, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങി അതീവ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2022 സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് പിഎഫ്ഐയുടെ ദേശീയ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തത്. കേന്ദ്ര സർക്കാർ പിഎഫ്ഐയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ നടപടികൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 2022 ഏപ്രിൽ 13-നാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിച്ച് ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ജൂൺ 5-ന് കോടതി നിർണ്ണായക നിരീക്ഷണം നടത്തിയിരുന്നു. ഇന്ത്യയിൽ ശരിഅത്ത് നിയമപ്രകാരമുള്ള ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയതിന് തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, വിദ്വേഷം വളർത്തൽ എന്നീ വകുപ്പുകൾക്കൊപ്പം യുഎപിഎ പ്രകാരമുള്ള തീവ്രവാദ ധനസഹായം, സംഘടനയിലെ അംഗത്വം, പരിശീലനം നൽകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എൻഐഎ കുറ്റപത്രങ്ങൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന വിചാരണയെ രാജ്യത്തെ സുപ്രധാന ഭീകരവിരുദ്ധ കേസുകളിൽ ഒന്നായാണ് നിയമവൃത്തങ്ങൾ വിലയിരുത്തുന്നത്.