പാവറട്ടി: പാവറട്ടിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. പാവറട്ടി സ്വദേശി ഡോളി (71) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡോളിയുടെ മകൻ ബെൻഹർ (46)-നെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
വെട്ടുകത്തി ഉപയോഗിച്ച് ഡോളിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഡോളിക്ക് ജീവൻ ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് അംഗം വർഗീസ് പറഞ്ഞു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, അവിടെ എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
മകനും അമ്മയും തമ്മിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് അംഗം വർഗീസ് പറഞ്ഞു. ബെൻഹറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാവറട്ടി പൊലീസ് അന്വേഷണം നടത്തിവരുന്നു.