തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ വർഷങ്ങളായി പോക്സോ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, സമഗ്ര അന്വേഷണം നടത്തുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ പരിധികളിലാണ് പോക്സോ കേസുകൾ താരതമ്യേന കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. മൂന്ന് ദിവസത്തിനകം ടാസ്ക് ഫോഴ്സ് രൂപീകരിച്ച്, മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കാനാണ് നിർദേശം. ജില്ലാ ജനജാഗരൺ സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസ്, വിവിധ വനിതാ സംഘടനകളുടെ പ്രതിനിധികൾ എന്നിവരും ടാസ്ക് ഫോഴ്സിൽ അംഗങ്ങളായിരിക്കും.
പോക്സോ കേസുകളുടെ സാമൂഹിക പശ്ചാത്തലവും കാരണങ്ങളും വിശദമായി പരിശോധിക്കുകയാണ് ടാസ്ക് ഫോഴ്സിന്റെ പ്രധാന ദൗത്യം. കുട്ടികളിൽ സ്മാർട്ട്ഫോണുകളുടെയും ഡിജിറ്റൽ മാധ്യമങ്ങളുടെയും അമിത ഉപയോഗം, അത് അവരുടെ സ്വഭാവത്തിലും മാനസികാവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ, സാമൂഹിക സാഹചര്യങ്ങളുടെ സ്വാധീനം എന്നിവ അന്വേഷണത്തിന്റെ ഭാഗമാകും. കൂടാതെ, വാളയാർ ഉൾപ്പെടെയുള്ള വ്യാവസായിക മേഖലകളിൽ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികൾ വീട്ടിൽ തനിച്ചാകുന്ന സാഹചര്യം ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളും സംഘം പരിശോധിക്കും. കേസുകൾ വർധിക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി കൃത്യമായ പ്രതിരോധ നടപടികൾ നിർദേശിക്കുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.