കണ്ണൂർ: പാനൂർ പാത്തിപാലത്ത് ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് ശിക്ഷ വിധിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി. പ്രതികളായ ദിബിൻ, ഷെറിൻ, നിഖിൽ, ഷാജിത്ത്, സൂരജ് എന്നിവർക്ക് വിവിധ വകുപ്പുകളിലായി 16 വർഷം തടവും 82,500 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ, പ്രതികൾ അഞ്ച് വർഷം തടവ് അനുഭവിച്ചാൽ മതിയാകും.
2018 ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാനൂർ പാത്തിപാലത്ത് താമസിക്കുന്ന സഹോദരങ്ങളായ റിജിൽ, റിജേഷ് എന്നിവരെയാണ് പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റവർ ഏറെ നാൾ ചികിത്സയിലായിരുന്നു.
സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സിപിഎം പ്രവർത്തകരായ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ദീർഘനാളത്തെ വിചാരണ നടപടികൾക്ക് ശേഷമാണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി കേസിൽ വിധി പ്രസ്താവിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പ്രതികൾ കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.