കൊല്‍ക്കത്ത: പശ്ചിമേഷ്യയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് വിരാമമിട്ടുകൊണ്ടുള്ള യുഎസ് – ഇറാന് സമാധാന കരാറിനെ ഫോര്‍വേഡ് സീമെന്‍സ് യൂണിയന് ഓഫ് ഇന്ത്യ (എഫ്.എസ്.യു.ഐ) സ്വാഗതം ചെയ്തു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള തീരുമാനത്തെയും സംഘടന പ്രകീര്‍ത്തിച്ചു. കപ്പലുകളുടെ സുഗമമായ സഞ്ചാരത്തിനും നാവികരുടെ സുരക്ഷയ്ക്കും ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് സംഘടന വിലയിരുത്തുന്നു.
സംഘര്‍ഷത്തിനിടയില്‍ ദാരുണമായി കൊല്ലപ്പെട്ട നാല് ഇന്ത്യന്‍ നാവികരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് എഫ്.എസ്.യു.ഐ ആവശ്യപ്പെട്ടു. പലാവു പതാക ഘടിപ്പിച്ച എംടി സെറ്റെബെല്ലോ എന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ പട്നാല സുരേഷ്, ആദിത്യ ശര്‍മ്മ, ശിവാനന്ദ് ചൗരഷിയ എന്നീ ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഒമാന്‍ തീരത്ത് വെച്ച് അസുഖബാധിതനായ നിശാന്ത് ഉയിര്‍ത്തനാഥന്‍ എന്ന നാവികനും ചികിത്സ ലഭിക്കാതെ മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് നീതി ലഭിക്കുന്നതിനായി 5 മില്യണ്‍ ഡോളറില്‍ കുറയാത്ത നഷ്ടപരിഹാരം യുഎസ് അധികൃതര്‍ നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലും സംഘടന പ്രതിഷേധം രേഖപ്പെടുത്തി.
ജൂണ്‍ 19-ന് ഒപ്പുവെക്കുന്ന ഈ സമാധാന കരാര്‍ പശ്ചിമേഷ്യയില്‍ സുസ്ഥിരത ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആണവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനൊപ്പം, സാമ്പത്തിക സഹകരണം, യുദ്ധം തകര്‍ത്ത മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിനായി 300 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് എന്നിവയും കരാറിന്റെ ഭാഗമാണ്. ആദ്യഘട്ടമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കുകയും ചെയ്യും. ആണവായുധ നിര്‍മ്മാണം ഉപേക്ഷിക്കുമെന്ന ഇറാനിയന്‍ പ്രതിജ്ഞയും, വിദേശ നിക്ഷേപത്തിനുള്ള അവസരങ്ങളും ശാശ്വതമായ ഉപരോധ വിമുക്തിയും ഭാവിയില്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.