പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനി സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സ്കൂളിൽ പോകുന്നതിനായി യൂണിഫോം ഇസ്തിരിയിടുന്നതിനിടെയാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഉടൻ തന്നെ ഓടിയെത്തുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.