പത്തനംതിട്ട: പതിമൂന്നുകാരിയുടെ വ്യാജ ലൈംഗിക പീഡന പരാതിയെത്തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കൂടൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കെതിരെ നടപടി. സംഭവത്തിൽ എസ്ഐ ജയ്മോനെ സ്ഥലംമാറ്റി ഉത്തരവായി. വിഷയത്തിൽ സിഐക്കെതിരായ തുടർനടപടികൾ ഡിഐജി തീരുമാനിക്കും. അച്ചടക്ക നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കൈമാറി.
ഈ കേസുമായി ബന്ധപ്പെട്ട് ഹൃദ്രോഗിയായ ഇരുപതുകാരനും പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഉൾപ്പെടെ ആറോളം പേരുമാണ് കൂടൽ പൊലീസിന്റെ കസ്റ്റഡിയിലായത്. പത്തനാപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പാട്ടം സ്വദേശിയായ യുവാവിനെ പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നാണ് പ്രധാന ആരോപണം. ബൂട്ട് കൊണ്ട് ചവിട്ടുകയും ചെവിയിലും തലമുടിയിലും പിടിച്ചു വലിക്കുകയും ചെയ്തുവെന്ന് യുവാവ് ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. താൻ ഹൃദ്രോഗിയാണെന്ന് അറിയിച്ചിട്ടും പൊലീസ് മർദനം തുടർന്നുവെന്നും പരാതിയിലുണ്ട്. കസ്റ്റഡിയിലായ വിദ്യാർഥികളും സമാനമായ രീതിയിൽ പൊലീസിന്റെ മർദനമേറ്റതായി വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിൽ കൂടൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം ആറിനാണ് വിവാദമായ സംഭവം നടന്നത്. തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പെൺകുട്ടിയുടെ പരാതിയിൽ നിരവധി യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രണയനൈരാശ്യത്തെ തുടർന്ന് പെൺകുട്ടി വ്യാജ പരാതി നൽകിയതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ പൊലീസ് കസ്റ്റഡിയിലായവർക്കെതിരെ നടന്ന മർദനാരോപണങ്ങളും വലിയ വിവാദമായി മാറുകയായിരുന്നു.