ന്യൂഡൽഹി: ഇന്ത്യയ്ക്ക് പിന്നാലെ അയൽരാജ്യമായ നേപ്പാളിലും അശാന്തി സൃഷ്ടിക്കാൻ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ശൃംഖലകൾ ശ്രമിക്കുന്നതായി സംശയം. നേപ്പാളിലെ സൺസാരി ജില്ലയിൽ ജൂലൈ 26ന് പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷത്തിൽ പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് പങ്കുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണ ഏജൻസികൾ പരിശോധന ആരംഭിച്ചു. വിഷയം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നേപ്പാളിലെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (NID) ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു.
സംഘർഷത്തിന് പിന്നിൽ പാകിസ്താൻ, തുർക്കി, ഖത്തർ എന്നിവയുമായി ബന്ധമുള്ള ശൃംഖലകൾ വഴി നേപ്പാളിലേക്ക് അനധികൃതമായി ഫണ്ട് എത്തിയെന്നാണ് പ്രാഥമിക നിഗമനം. സൺസാരി ജില്ലയിലെ ദേവൻഗഞ്ച് റൂറൽ മുനിസിപ്പാലിറ്റിയിലായിരുന്നു സംഘർഷത്തിന്റെ തുടക്കം. മതപരമായ പരിപാടികളിലെ ലൗഡ് സ്പീക്കറുകളുടെ ഉപയോഗവും മതപതാകകളുടെ പ്രദർശനവും സംബന്ധിച്ച തർക്കങ്ങൾ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്നുണ്ടായ പൊലീസ് ഇടപെടലിലും വെടിവെപ്പിലും ഒരാൾ കൊല്ലപ്പെടുകയും ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങൾ നേപ്പാളിന്റെ തെക്കൻ തരായ് മേഖലയിലെ മറ്റ് ജില്ലകളിലേക്കും വ്യാപിച്ചത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വിദേശ മതപ്രഭാഷകരുടെ സാന്നിധ്യവും ഈ വിഷയത്തിൽ അന്വേഷണ പരിധിയിൽ വരുന്നുണ്ട്. ഡൽഹിയിൽ നിന്ന് ധാക്ക വഴി കാഠ്മണ്ഡുവിലെത്തിയ ഒൻപത് ബംഗ്ലാദേശി മതപ്രഭാഷകർ സംഘർഷത്തിന് തൊട്ടുമുമ്പായി ഇന്ത്യയോട് ചേർന്ന ജില്ലകളിലേക്ക് യാത്ര ചെയ്തത് ഗൗരവകരമായാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. സംഭവത്തിൽ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നാണ് വിലയിരുത്തൽ. മേഖലയിലെ സ്ഥിതിഗതികൾ കർശന നിരീക്ഷണത്തിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.