തിരുവനന്തപുരം: സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. നെയ്യാറ്റിൻകര എസ് ഐ അക്ഷയ് കുമാർ, സി പി ഒമാരായ നിതിൻ, ആന്റണി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് പ്രതികൾ മനപ്പൂർവം കാർ ഇടിപ്പിക്കുകയായിരുന്നു.
സ്വർണ പണയം എടുത്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നെയ്യാറ്റിൻകരയിൽ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ, പോലീസ് പിന്തുടരുന്നതായി മനസ്സിലാക്കിയതോടെ ബൈക്കിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ പോലീസുകാരെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നിതിൻ സുകുമാരന്റെ കൈയ്ക്ക് ഗുരുതരമായ പരിക്കുണ്ട്.
സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ തിരച്ചിലിൽ ബാലരാമപുരം സ്വദേശി സനോജിനെ കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ ശ്രീജിത്തിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വർണ പണയ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ പങ്കും സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.