തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. നവകേരള യാത്രയിൽ പ്രതിഷേധിക്കാൻ എത്തിയവർക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിൽ നിന്ന് മർദനമേറ്റെന്നായിരുന്നു പ്രധാന പരാതി. നിലവിലെ ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് ഉൾപ്പെടെയുള്ളവർക്കാണ് അന്ന് മർദനമേറ്റത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ അന്ന് വലിയ രീതിയിൽ ചർച്ചയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന എം.ആർ. അജിത് കുമാർ ഇടപെട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നത്. ഭരണമാറ്റത്തിന് പിന്നാലെ സർക്കാർ കേസിൽ പുനരന്വേഷണം പ്രഖ്യാപിക്കുകയും എസ്പി എ.പി. ഷൗക്കത്തലിയെ അന്വേഷണ ചുമതല ഏൽപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
കേസ് അട്ടിമറിക്കുന്നതിനായി കീഴുദ്യോഗസ്ഥരെ സ്വാധീനിക്കാൻ എം.ആർ. അജിത് കുമാർ ശ്രമിച്ചതായി എസ്ഐടി റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെ, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ എഡിജിപിക്കെതിരെ കർശനമായ സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.