കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അപ്പീലില്‍ അന്തിമ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇരുപത് വര്‍ഷം തടവുശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതിയുടെ പ്രധാന ആവശ്യം. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിയെ അതിജീവിത ശക്തമായി എതിര്‍ത്തു. നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി വ്യക്തമായി കണ്ടെത്തിയിട്ടുള്ളതാണെന്നും അതിജീവിത കോടതിയെ അറിയിച്ചു. ഇത്തരമൊരു കേസില്‍ ശിക്ഷ മരവിപ്പിക്കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്ന സന്ദേശം സമൂഹത്തിന് നല്‍കുമെന്ന് അതിജീവിതയുടെ അഭിഭാഷകര്‍ വാദിച്ചു. പ്രോസിക്യൂഷനും ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്നും, കേസില്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണെന്നും തുടര്‍ച്ചയായി ജാമ്യാപേക്ഷകള്‍ നല്കി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് മുമ്പ് കോടതി പിഴ ചുമത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരു മാസം തികയും മുമ്പ് തന്നെ മറ്റൊരു കേസില്‍ പ്രതിയായ കാര്യവും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇരു ഭാഗങ്ങളുടെയും വാദങ്ങള്‍ വിശദമായി കേട്ട ശേഷമാണ് ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.