മുംബൈ: ‘ധുരന്ധർ’ എന്ന സിനിമയ്ക്കെതിരെ ഉയരുന്ന പ്രൊപ്പഗണ്ട ആരോപണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി നടൻ മാധവൻ രംഗത്ത്. ചിത്രത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വേഷം കൈകാര്യം ചെയ്യുന്ന മാധവൻ, ഇന്ത്യയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നതെന്ന് ചോദിച്ചു.
പാകിസ്ഥാൻ ഭരണാധികാരികളും അധോലോക സംഘങ്ങളും കോൺഗ്രസ് ഭരണകാലത്തെ ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയെ പ്രൊപ്പഗണ്ട എന്ന് വിശേഷിപ്പിക്കുന്നവർക്ക് മറുപടിയായി, താൻ ഇന്ത്യക്കാരനായി സ്വയം അവതരിപ്പിക്കുന്നത് തെറ്റാണോ എന്ന് അദ്ദേഹം ആരാഞ്ഞു. താൻ കണ്ട കാര്യങ്ങൾ അതേ രീതിയിൽ പകർത്തിയെന്നും ഇതിനെ രാഷ്ട്രീയ പ്രസ്താവനയായി കാണേണ്ടതില്ലെന്നും മാധവൻ വ്യക്തമാക്കി.
തന്റെ ആദ്യ സംവിധാന സംരംഭമായ ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്’ പോലും അമിതമായ ഇന്ത്യാഭിമാനം പ്രകടിപ്പിക്കുന്നുവെന്ന വിമർശനം നേരത്തെ നേരിട്ടിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാകിസ്ഥാന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ധുരന്ധർ’, അവിടെയും നല്ലതും മോശവുമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് കാണിക്കുന്നുണ്ട്. അതിനാൽ സിനിമയിൽ പ്രൊപ്പഗണ്ട എവിടെയാണെന്ന് മനസ്സിലാകുന്നില്ലെന്നും, കഥാപാത്രങ്ങളെയും സംഭവങ്ങളെയും താൻ കണ്ട രീതിയിൽ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മാധവൻ കൂട്ടിച്ചേർത്തു.