കൊച്ചി: ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര ചെയ്ത കപ്പലിൽ നിന്ന് എറണാകുളം ചെറായി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഞാറയ്ക്കൽ സ്വദേശി ഷിന്റോൺ ബെന്നി (24) ആണ് കപ്പലിൽ നിന്ന് അപ്രത്യക്ഷനായത്. ഇൻഡോനേഷ്യക്ക് സമീപത്തുവെച്ചാണ് യുവാവിനെ കാണാതായതെന്നാണ് ലഭ്യമായ വിവരം.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.ഒ.എൽ (MOL) കമ്പനിയുടെ ടാർ കാരിയർ കപ്പലിൽ ഡെക്ക് ഓഫീസർ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു ഷിന്റോൺ. ബുധനാഴ്ച രാത്രി 8.15-ഓടെ സഹോദരനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് യുവാവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാതായത്. സംഭവത്തിൽ കമ്പനി അധികൃതർ വ്യാഴാഴ്ചയാണ് ബന്ധുക്കളെ വിവരമറിയിച്ചത്.
കപ്പലിൽ നിന്ന് യുവാവിനെ കാണാതായ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെ കണ്ടെത്താനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നാളെ ഷിന്റോണിന്റെ പിറന്നാൾ ദിനമാണെന്നിരിക്കെ, മകനെക്കുറിച്ചുള്ള നല്ല വാർത്ത പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബാംഗങ്ങൾ. ഷിന്റോണിനെ കണ്ടെത്തുന്നതിനായി സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.