തൃപ്പൂണിത്തുറ: മലയാളിയുടെ പൊന്നോണക്കാലത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയത്തിന്റെ ആവേശം നിറയുന്നു. തൃപ്പൂണിത്തുറ നഗരസഭയ്ക്ക് കൊച്ചി രാജവംശത്തിന്റെ പ്രതിനിധി രാമദാസൻ തമ്പുരാൻ അത്തം പതാക കൈമാറിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഒരുക്കിയിരിക്കുന്ന അത്തം നഗറിൽ പതാക ഉയരുന്നതോടെ കേരളം ഓണാഘോഷത്തിന്റെ നിറവിലേക്ക് കടക്കും. രാവിലെ ഒൻപതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ അത്താഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. മന്ത്രി അനൂപ് ജേക്കബ് അത്തപ്പതാക ഉയർത്തും. തുടർന്ന് നടക്കുന്ന വർണാഭമായ അത്തം ഘോഷയാത്ര സിനിമാതാരം മനോജ് കെ. ജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ദീപക് ജോയ് എംഎൽഎ, എംപിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, ജില്ലാ കലക്ടർ ജി. പ്രിയങ്ക എന്നിവർ ചടങ്ങിലെ മുഖ്യാതിഥികളാകും.
രാജഭരണകാലത്ത് തൃപ്പൂണിത്തുറ ഹിൽ പാലസിൽ നിന്ന് കൊച്ചി രാജാവ് പ്രജകളെ കാണാൻ എത്തുന്ന ചടങ്ങായിരുന്നു അത്തച്ചമയം. 1961 മുതൽ തൃപ്പൂണിത്തുറ നഗരസഭ ഈ ചരിത്രപരമായ ചടങ്ങ് ഏറ്റെടുത്ത് ജനകീയമായി നടത്തിവരികയാണ്. പുലികളി, തിരുവാതിര തുടങ്ങിയ തനത് കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് പതാക കൈമാറ്റ ചടങ്ങ് നടന്നത്. ഇത്തവണത്തെ ഘോഷയാത്രയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരും വിദ്യാർഥികളും അണിനിരക്കും. പുലികളി, ചെണ്ടമേളം, തെയ്യം, വേലകളി, ആട്ടക്കാവടി തുടങ്ങിയ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. അത്തം നഗറിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര തൃപ്പൂണിത്ര പൂർണത്രയീശ ക്ഷേത്രത്തിന് മുന്നിലൂടെ കടന്ന് വടക്കേക്കോട്ടയിൽ എത്തിച്ചേരും. നാല് കിലോമീറ്ററിലധികം ദൂരമാണ് ഘോഷയാത്ര കടന്നുപോകുന്നത്.
അത്തച്ചമയ ആഘോഷത്തിനായി തൃപ്പൂണിത്തുറ നഗരസഭ ഒരു കോടി രൂപയും ടൂറിസം വകുപ്പ് മൂന്ന് ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്. പരിസ്ഥിതി സൗഹൃദമായും ഹരിതചട്ടങ്ങൾ പാലിച്ചുമാണ് പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്സൺ പി.എൽ. ബാബു അറിയിച്ചു. വൻ ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അത്തം നഗർ മുതൽ സിവിൽ സ്റ്റേഷൻ, എസ്.എൻ. ജംക്ഷൻ വരെയുള്ള മേഖലകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഘോഷയാത്ര സുഗമമാക്കാൻ അഞ്ഞൂറിലേറെ പോലീസുകാരെയും വോളന്റിയർമാരെയും വിന്യസിക്കും. കൂടാതെ ഗതാഗത നിയന്ത്രണം, കുടിവെള്ളം, വാഹന പാർക്കിങ് സൗകര്യം, ശുചിമുറികൾ, വൈദ്യസഹായം തുടങ്ങിയ സംവിധാനങ്ങളും അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്.