തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന രാമായണ പ്രഭാഷണ പരമ്പരയിലെ പ്രഭാഷകരുടെ പട്ടികയെ ചൊല്ലി വിവാദം ശക്തമാകുന്നു. സനാതന ധർമ്മത്തെയും രാമായണത്തെയും നിരന്തരം വിമർശിക്കുന്ന എ.ജി. ഒലീനയെ പ്രഭാഷണത്തിനായി ക്ഷണിച്ചതിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്തെത്തി. തിരുവനന്തപുരത്തെ ഹനുമാൻ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ ‘ഗാന്ധിജിയുടെ രാമായണം’ എന്ന വിഷയത്തിലാണ് പ്രഭാഷണങ്ങൾ നടക്കുന്നത്. ഇതിൽ ‘രാമായണത്തിലെ രാജമാതാക്കൾ’ എന്ന വിഷയത്തിൽ ഒലീന നാളെ പ്രഭാഷണം നടത്തുമെന്ന് നിശ്ചയിച്ചിരിക്കുന്നത് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള വ്യക്തിയാണ് ഒലീന. പുരോഗമന കലാസാഹിത്യ സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇവരെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചുകൊണ്ടുവരുന്നതിലെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുകയാണെന്ന് വി.എച്ച്.പി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വി.ആർ. രാജശേഖരൻ ആരോപിച്ചു. ഗാന്ധിജിക്ക് രാമായണ പ്രഭാഷണ പരമ്പരയിൽ എന്താണ് പ്രാധാന്യമെന്നും, വ്യാജ നറേറ്റീവ് സൃഷ്ടിക്കാനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈന്ദവ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നിരവധി ഹിന്ദു സന്ന്യാസിമാരും ആധ്യാത്മിക ആചാര്യന്മാരും ഉള്ളപ്പോൾ അവരെയെല്ലാം ഒഴിവാക്കി ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നവരെ പ്രഭാഷണത്തിന് ക്ഷണിച്ചത് പ്രതിഷേധാർഹമാണെന്ന് വി.എച്ച്.പി നേതൃത്വം മുന്നറിയിപ്പ് നൽകി. മുൻ സർക്കാരിന്റെ താൽപര്യങ്ങളാണ് പുതിയ സർക്കാരും പിന്തുടരുന്നതെന്ന് വിമർശിച്ച വി.ആർ. രാജശേഖരൻ, ഇത്തരം നടപടികളിൽ നിന്ന് ദേവസ്വം ബോർഡ് പിന്മാറിയില്ലെങ്കിൽ ഭക്തജനങ്ങളെ അണിനിരത്തി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അറിയിച്ചു.