തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ (Detailed Project Report) അടുത്തയാഴ്ച സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ സമഗ്ര റിപ്പോർട്ട്, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മുഖേനയാണ് മന്ത്രിസഭയുടെ അനുമതിക്കായി നൽകുന്നത്. പദ്ധതിയുടെ നിർമാണച്ചെലവ്, സാങ്കേതിക വിശദാംശങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഡി.പി.ആർ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് കൈമാറും. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ആറുമാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് കെ.എം.ആർ.എൽ അധികൃതരുടെ പ്രതീക്ഷ. പാപ്പനംകോട് മുതൽ കഴക്കൂട്ടം വഴി ഈഞ്ചയ്ക്കൽ വരെ നീളുന്ന 31 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ മെട്രോ പാത വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ സർക്കാർ ഈ അലൈൻമെന്റിന് ഔദ്യോഗികമായി അനുമതി നൽകിയിരുന്നു.
പദ്ധതി പൂർണമായും എലിവേറ്റഡ് ട്രാക്കായി നിർമ്മിക്കാനാണ് നിലവിൽ നീക്കം. സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന പൈതൃക മേഖലയിൽ ഭൂഗർഭപാത പരിഗണിച്ചിരുന്നെങ്കിലും, ഉയർന്ന നിർമ്മാണച്ചെലവ് കണക്കിലെടുത്ത് എലിവേറ്റഡ് സംവിധാനത്തിന് മുൻഗണന നൽകുകയായിരുന്നു. ഏകദേശം 10,000 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, ആനയറയിൽ 106 ഏക്കർ സ്ഥലത്ത് ആധുനിക മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. റോഡ്, റെയിൽ, ജലഗതാഗത സംവിധാനങ്ങളെ സംയോജിപ്പിക്കുന്ന ഈ കേന്ദ്രം മെട്രോ സർവീസിന്റെ വരുമാനത്തിലും യാത്രക്കാരുടെ സൗകര്യത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും. പ്രധാന ഹബ്ബിന് പുറമെ മെട്രോ റൂട്ടിൽ ആറ് ചെറു മൊബിലിറ്റി ഹബ്ബുകളും സജ്ജമാക്കാൻ ലക്ഷ്യമിടുന്നുണ്ട്.