ന്യൂഡൽഹി: ഇന്ത്യൻ വാഹനവിപണിയിലെ ഐക്കണിക് മോഡലായ ടാറ്റ സുമോ വീണ്ടും വിപണിയിൽ തിരിച്ചെത്തുന്നു എന്ന വാർത്തകൾ വാഹനപ്രേമികൾക്കിടയിൽ വലിയ ചർച്ചയാകുന്നു. 2019-ൽ ഉൽപ്പാദനം നിർത്തിവെച്ച ഈ വാഹനം, പുതിയ തലമുറ പ്രീമിയം എസ്യുവി എന്ന നിലയിൽ ആധുനിക സജ്ജീകരണങ്ങളോടെ തിരിച്ചെത്തുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ ഭാവി പദ്ധതികളിൽ നിർണ്ണായകമായ ‘സ്കാർലെറ്റ്’ പ്രോജക്ടിന്റെ ഭാഗമായാകും ഈ മോഡൽ വിപണിയിലെത്തുക.
2031 മാർച്ചിന് മുമ്പായി ആറ് ഐസിഇ (ICE) മോഡലുകളും നാല് ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടെ 10 പുതിയ കാറുകൾ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്സ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നെക്സോണിനും സിയറയ്ക്കും ഇടയിലുള്ള സെഗ്മെന്റിലായിരിക്കും പുതിയ എസ്യുവി സ്ഥാനം പിടിക്കുക. ബോക്സി ഡിസൈൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കരുത്തുറ്റ സ്റ്റൈലിംഗ് എന്നിവയാകും വാഹനത്തിന്റെ പ്രധാന സവിശേഷതകൾ. മോണോകോക്ക് പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന വാഹനം മികച്ച യാത്രാസുഖവും ഇന്ധനക്ഷമതയും റോഡ് പെർഫോമൻസും ഉറപ്പുനൽകുന്നു. ഐസിഇ പതിപ്പിന് പുറമെ ഇലക്ട്രിക് വകഭേദവും ഡ്യുവൽ മോട്ടോർ ഓൾ-വീൽ ഡ്രൈവ് സംവിധാനവും കമ്പനി പരിഗണിക്കുന്നുണ്ട്.
1994-ൽ വിപണിയിലെത്തിയ ടാറ്റ സുമോ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലും ടാക്സി വിപണിയിലും ഒരുപോലെ വിശ്വാസ്യത നേടിയ വാഹനമായിരുന്നു. റെനോ കിഗർ, കിയ സിറോസ്, മഹീന്ദ്രയുടെ പുതിയ കോംപാക്റ്റ് എസ്യുവികൾ എന്നിവയാകും വിപണിയിൽ ഇതിന്റെ പ്രധാന എതിരാളികൾ. എന്നിരുന്നാലും, സുമോയുടെ തിരിച്ചുവരവ് സംബന്ധിച്ച് ടാറ്റ മോട്ടോഴ്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2027-ലെ ഓട്ടോ എക്സ്പോയിൽ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ച് ഉപഭോക്തൃ താൽപ്പര്യം പരിശോധിക്കാൻ കമ്പനി ആലോചിക്കുന്നുണ്ടെന്നും വ്യവസായ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.