കണ്ണൂർ: തളിപ്പറമ്പ് പട്ടുവത്ത് കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം. പട്ടുവം ജുമാഅത്ത് പള്ളിക്ക് സമീപത്തെ കുളത്തിലാണ് അമാൻ എന്ന ഒമ്പത് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. പട്ടുവം സ്വദേശിയായ കെ.പി. അമാൻ, പട്ടുവം കടവ് എൽ.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകിട്ട് 6.45ഓടെയാണ് സംഭവം നടന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പള്ളിക്ക് സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.