തലശ്ശേരി: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബുവിനെയാണ് (25) മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽനിന്ന് തലശ്ശേരിയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി തലശ്ശേരി ടെമ്പിൾഗേറ്റിലെ വനിതാ ഹോസ്റ്റലിലായിരുന്നു താമസം. വ്യാഴാഴ്ച രാത്രി മുറിയിൽനിന്ന് പ്രതികരണമില്ലാതായതോടെ കൂടെ താമസിക്കുന്നവർ പലതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സംശയം തോന്നിയതിനെത്തുടർന്ന് ഇവർ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് അലീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയും മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. തലശ്ശേരിയിൽ നാല് വർഷത്തെ നഴ്സിങ് പഠനം പൂർത്തിയാക്കിയ അലീന കഴിഞ്ഞ ഒരു വർഷമായി നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)