തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന കെ വി തോമസിന്റെ സേവനവുമായി ബന്ധപ്പെട്ട് ഹോണറേറിയം, സ്റ്റാഫ് ശമ്പളം, യാത്രാ-ഇന്ധന ആനുകൂല്യങ്ങൾ എന്നിവയ്ക്കായി സർക്കാർ ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2026 മേയ് നാലാം തീയതിയാണ് കെ വി തോമസ് പ്രത്യേക പ്രതിനിധി സ്ഥാനത്തുനിന്ന് ഔദ്യോഗികമായി വിരമിച്ചത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പ്രകാരം, 2026 ഏപ്രിൽ മാസം വരെ പ്രതിമാസം ഒരു ലക്ഷം രൂപ നിരക്കിൽ ഹോണറേറിയമായി 39,38,710 രൂപ ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഇതിനുപുറമെ, പേഴ്സണൽ സ്റ്റാഫിന്റെ ശമ്പളവും കോൺസോളിഡേറ്റഡ് പേയും ഇനത്തിൽ 61,83,500 രൂപയും സർക്കാർ ചെലവഴിച്ചു. ഔദ്യോഗിക വിമാനയാത്രകളുടെ ടിക്കറ്റ് ചെലവുകൾക്കായി ODEPC വഴി 13,04,854 രൂപയും അനുവദിച്ചതായി രേഖകളിൽ കാണാം.
ഇതിനെല്ലാം പുറമെ, 2023-ലെ ഔദ്യോഗിക വിമാനയാത്രകളുമായി ബന്ധപ്പെട്ട ഇൻസിഡന്റൽ ചെലവുകൾക്കായി 39,000 രൂപയും, ഔദ്യോഗിക വാഹനത്തിന്റെ ഇന്ധനച്ചെലവായി 2,20,429 രൂപയും സർക്കാർ ചെലവഴിച്ചിട്ടുണ്ട്. പ്രത്യേക പ്രതിനിധിയായി സേവനമനുഷ്ഠിച്ച കാലയളവിൽ പ്രതിമാസ ഹോണറേറിയത്തിന് പുറമെ മൂന്ന് പെൻഷനുകൾ കൂടി കെ വി തോമസ് കൈപ്പറ്റിയിരുന്നതായും പുറത്തുവന്ന വിവരാവകാശ രേഖകളിൽ പരാമർശിക്കുന്നുണ്ട്.